kakka

കോട്ടയം: വേമ്പനാട്ടു കായലിൽ കക്ക കുഞ്ഞുങ്ങളെ നിക്ഷേപിച്ചുള്ള പരീക്ഷണം വിജയം. കക്കയുടെ ഉത്പാദനത്തിൽ ഏഴിരട്ടിയിലേറെ റെക്കാഡ് ഉത്പാദനം .

കായൽ നിലങ്ങളിൽ രാസവള ഉപയോഗം വ‌ദ്ധിച്ചതും മറ്റു മലിനീകരണവും കാരണം വേമ്പനാട്ടുകായലിൽ കറുത്ത കക്ക ഉത്പാദനത്തിൽ കുറേ വർഷങ്ങളായി വൻ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് മത്സ്യതൊഴിലാളികളുടെ വരുമാനത്തെയും കക്കാ സംഘങ്ങളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്തു. തുടർന്ന് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം മുൻകൈ എടുത്ത് രണ്ട് വർഷം മുമ്പ് കക്ക കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന 'കക്ക പുനരുജ്ജീവനപരീക്ഷണ ' പദ്ധതി നടപ്പാക്കി. തണ്ണീർ മുക്കം വടക്ക് കായലിൽ 20 ഹെക്ടർ സ്ഥലത്ത് 2019ൽ 200 ടൺ കക്ക കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഈ ഭാഗത്താണ് ഉത്പാദനത്തിൽ റെക്കാഡ് വർദ്ധന ഉണ്ടായത്.

 2016ൽ വേമ്പനാട്ടു കായലിൽ കക്ക ഉത്പാദനം 75000 ടൺ
 2019ൽ 42036 ടണ്ണായി കുറഞ്ഞതോടെ പുതിയ പരീക്ഷണം

 200 ടൺ നിക്ഷേപിച്ചിടത്ത് 1500 ടണ്ണാണ് പ്രതീക്ഷിക്കുന്നത്

 വിളവെടുപ്പ് തുടങ്ങിയതോടെ ദിവസം പത്ത് ടൺ ലഭിക്കുന്നു

 5000 ലേറെ തൊഴിലാളികൾ

5000 ലേറെ മത്സ്യ തൊഴിലാളികളാണ് വേമ്പനാട്ടു കായലിൽ കക്കാ വാരൽ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളത്. തോടുകളഞ്ഞ കക്ക ഇറച്ചിക്ക് കിലോയ്ക്ക് 150 രൂപ മത്സ്യ തൊഴിലാളികൾക്ക് ലഭിക്കും. വിപണിയിൽ ഇറച്ചിക്ക് 180-200 രൂപയാണ് വില. കക്ക ഇറച്ചി മാറ്റിയ ശേഷമുള്ള തോടാണ് നീറ്റി കുമ്മായമാക്കി മാറ്റുന്നത്. ഈ കക്ക കൊണ്ടാണ് കുമരകത്തും മറ്റും നിരവധി കക്ക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്.

കായലിന്റെ അടിത്തട്ടിൽ കക്കയുടെ ആവാസ വ്യവസ്ഥ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും കക്ക പുനരുജ്ജീവന പദ്ധതിയിലൂടെ കഴിഞ്ഞു. കൂടുതൽ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. കൊവിഡും പ്രളയവും കാരണം തൊഴിൽ നഷ്ടപ്പെട്ടു കടത്തിലായ മത്സ്യതൊഴിലാളികൾക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്

ഡോ.ആർ.വിദ്യ, സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം കൊച്ചി