വൈക്കം : സർക്കാർ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതമൂലം മരണക്കുഴികൾ ആയി മാറിയ വൈക്കം - വെച്ചൂർ റോഡിന്റെ ആദ്യ രക്തസാക്ഷിയാണ് ചെറുമയിൽ ആദിത്യൻ (17) എന്ന് വൈക്കം വെച്ചൂർ റോഡ് ജനകീയ സംരക്ഷണ സമിതി. ഇടയാഴത്തുവച്ച് നടന്ന അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആദിത്യൻ. റോഡിന്റെ ദുരവസ്ഥയാണ് ആദിത്യന്റെ മരണത്തിനിടയാക്കിയതെന്ന് വെച്ചൂർ റോഡ് ജനകീയ സംരക്ഷണ സമിതി ആരോപിച്ചു. ആദിത്യന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് കാലതാമസം വരുത്തിയ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികളുമായി ജനകീയ സംരക്ഷണസമിതി മുന്നോട്ടു പോകുമെന്ന് കൺവീനർ വൈക്കം ഉണ്ണികൃഷ്ണൻ, കമ്മറ്റി അംഗങ്ങളായ ശ്യാംലാൽ.സി, രാജീവ്, ഹരികൃഷ്ണൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.