കോട്ടയം : വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപേ പൈപ്പ് വെള്ളം മുടങ്ങിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി ചെട്ടിക്കുന്ന് നിവാസികൾ. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പ്രദേശത്തെ 45 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കുടിയ്ക്കുന്നതിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായുള്ള വെള്ളം ലഭ്യമല്ലാത്തതിനാൽ പണം കൊടുത്ത് വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. പ്രദേശത്ത് അഞ്ച് കുടുംബങ്ങൾക്ക് മാത്രമാണ് കിണറുള്ളത്. മറ്റ് കുടുംബങ്ങൾ എല്ലാം വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം ലഭിച്ച് കൊണ്ടിരുന്ന വെള്ളം ആഴ്ചകളായി ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

750 ലിറ്റർ വെള്ളത്തിന് 200 രൂപ

750 ലിറ്റർ വെള്ളത്തിന് 200 രൂപ കൊടുത്താണ് പ്രദേശവാസികൾ വാങ്ങുന്നത്. ഇത് രണ്ടു മൂന്നു ദിവസമേയുള്ളൂ. കുടിക്കാൻ മാത്രമായി വെള്ളം അയൽവാസികളുടെ കിണറ്റിൽ നിന്ന് ശേഖരിക്കുകയാണ് പലരും. മുൻപ് വെള്ളത്തിന് ക്ഷാമം നേരിടുമ്പോൾ നഗരസഭയുടെ വണ്ടികളിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോഴതുമില്ല. പൈപ്പ് പണി നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങിയതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ അതിനുള്ള പ്രതിവിധികൂടി കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.