കാഞ്ഞിരപ്പള്ളി : വാഹനത്തിരക്കും ഗതാഗതക്കുരുക്കും തന്മൂലം അപകടങ്ങളും വർദ്ധിച്ചുവരുന്ന കാഞ്ഞിരപ്പള്ളിയിൽ സമഗ്രമായ ഗതാഗത പരിഷക്കാരം നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നു. ഗതാഗതനിയന്ത്രണത്തിന് പേട്ടക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഗുണത്തേക്കാളേറെ ദോഷമാണെന്ന് മനസിലായതോടെ
പ്രവർത്തനം നിറുത്തുകയായിരുന്നു.
അപാകതകൾ പരിഹരിച്ച് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം അന്നുമുതൽ ഉയരുന്നതാണ്.അശാസ്ത്രീയമായ പരിഷ്‌ക്കാരങ്ങളാണ് കാലാകാലങ്ങളിൽ നടപ്പാക്കുന്നത്.വാഹനങ്ങൾക്ക് 70 മീറ്റർ അകലെനിന്നും കാഴ്ച ലഭിക്കുന്ന വിധമായിരിക്കണം സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കേണ്ടത് എന്നതാണ് വ്യവസ്ഥ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡ് ദേശീയപാതയുമായി സംഗമിക്കുന്ന പേട്ടക്കവലയിൽ ഏതു ദിക്കിൽനിന്നുവന്നാലും 70 മീറ്റർ ദൂരം കാഴ്ച ലഭ്യമല്ലാത്തതാണ് ലൈറ്റുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണം.
@തീർത്ഥാടക തിരക്ക് ഏറി
ശബരിമല തീർത്ഥാടനം തുടങ്ങിയതോടെ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചു. 26-ാം മൈൽ പാലത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണമുള്ളതിനാൽ വലിയ വാഹനങ്ങൾ കാഞ്ഞിരപ്പള്ളിയിലെത്തിയാണ് എരുമേലിക്ക്പോകുന്നത്. അതിനാൽ പലപ്പോഴും തിരക്ക് നിയന്ത്രണാതീതമാണ്.
പേട്ടക്കവലയിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ച് അപാകതകൾ പരിഹരിച്ച് സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിക്കണമെന്നും വ്യാപാരികളും നാട്ടുകാരും കാഞ്ഞിരപ്പള്ളി വികസനസമിതിയും ആവശ്യപ്പെട്ടു.