police

എരുമേലി: എരുമേലിയിൽ നിന്നാരംഭിക്കുന്ന പരമ്പരാഗത കാനന പാത തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാസമാജം, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ വലിയമ്പലത്തിൽ നടന്ന പ്രതിഷേധ യോഗം നടൻ ദേവൻ ഉദ്ഘാടനം ചെയ്തു. ഹൈന്ദവ സംസ്ക്കാരം തകർക്കാൻ നീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. വലിയമ്പലമുറ്റത്ത് നാളികേരമുടച്ചാണ് പരമ്പരാഗത പാതയിലൂടെ പ്രതിഷേധ സൂചകമായി ഭക്തജനയാത്ര ആരംഭിച്ചത്. ഭക്തജന യാത്ര കാനനപാതയിലേയ്ക്ക് പ്രവേശിക്കാതെ തടയാൻ കോട്ടയം എ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വനമേഖലയ്ക്ക് ഒരു കിലോമീറ്റർ മുന്നിലായി ക്യാമ്പ് ചെയ്തിരുന്നു. നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത യാത്ര കാൽനടയായി അഞ്ച് കിലോമീറ്റർ പിന്നിട്ട് ഇരുമ്പൂന്നിക്കരയിൽ എത്തിയതോടെ പൊലീസ് തടഞ്ഞു. തുടർന്ന് ഭക്തജനങ്ങളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കാനനപാതവഴി തീർത്ഥാടകരെ കടത്തിവിടണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാമെന്ന പൊലീസിന്റെ ഉറപ്പിൽ പിന്നീട് ഭക്തജനയാത്ര നിർത്തിവയ്ക്കുന്നതായി നേതാക്കൾ അറിയിച്ചു. വിവിധ ഹൈന്ദവ സംഘടന ഭാരവാഹികളായ വിജി തമ്പി, കാളിദാസ് ഭട്ടതിരിപ്പാട്, ഇ എസ് ബിജു, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി എന്നിവർ ഭക്തജന യാത്രയ്ക്ക് നേതൃത്വം നൽകി.