
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഇന്നലെ 5708 താറാവുകളെ കൂടി കൊന്നു സംസ്‌ക്കരിച്ചു. ഇതോടെ മൊത്തം 16,976 താറാവുകളെയാണ് കൊന്നത്. കുടവെച്ചൂർ അഭിജിത്ത് ഭവനിൽ മദനന്റെയും (3000എണ്ണം ), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും (425 എണ്ണം), മൂലശ്ശേരി സുനിമോന്റെയും (1500) മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയാണ് കൊന്നത്. ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കൽ ജോലികൾ രാത്രിയിലും തുടരുകയാണ്. ഇന്ന് പൂർത്തിയാക്കാമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്ന നടപടി പൂർത്തീകരിച്ചിരുന്നു. ഇവിടെ അണുനശീകരണവും നടന്നു. ബുധനാഴ്ച മൂന്നിടങ്ങളിലായി 11268 താറാവുകളെ കൊന്നു സംസ്‌ക്കരിച്ചിരുന്നു.