
മുണ്ടക്കയം: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തിയ മോഷ്ടാവ് യുവതിയെ അടിച്ചുവീഴ്ത്തി മാല കവർന്നു. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊർമിളയാണ് (23) ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിൽസ തേടി. അതേസമയം നഷ്ടപ്പെട്ട മാല മുക്കുപണ്ടമായിരുന്നെന്ന് യുവതി പറഞ്ഞു.
കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. യുവതിയും രണ്ട് ചെറിയ കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്കാർട്ടിൽ നിന്ന് ഡെലിവറിയുമായി എത്തിയയാൾ എന്ന വ്യാജേന തോളിൽ ബാഗും തൂക്കിയാണ് കള്ളനെത്തിയത്. ഫ്ലിപ്കാർട്ടിൽ സാധനം ഓർഡർ ചെയ്തിരുന്നതിനാൽ യുവതിക്ക് സംശയം തോന്നിയില്ല. പൊടുന്നനെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിച്ചു. യുവതി തടഞ്ഞതോടെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാലയുമായി മോഷ്ടാവ് റോഡിൽ കാത്തു നിന്നയാളുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. മാസ്കും ഫേസ് ഷീൽഡും ധരിച്ചിരുന്നതിനാൽ കള്ളന്റെ മുഖം വ്യക്തമായില്ലെന്ന്
യുവതി പറഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.