എലിക്കുളം: ഫാക്ടറി മാലിന്യം തോട്ടിലൊഴുക്കാനുള്ള ശ്രമത്തിനിടെ ടാങ്കർ ലോറി പൊലീസ് പിടികൂടി. മാലിന്യവുമായെത്തിയ ലോറിയിലെ രണ്ട് ജീവനക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ അമൽബാബു, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ പനമറ്റം റോഡിലൂടെയെത്തിയ ടാങ്കർ ലോറി പാലാ-പൊൻകുന്നം റോഡിൽ മടുക്കക്കുന്ന് പള്ളിക്ക് സമീപം നിർത്തി തോട്ടിലേക്ക് മാലിന്യം തുറന്നുവിട്ടു. ലോറിയെ പിന്തുടർന്ന പൊൻകുന്നം പൊലീസ് ഇതിനിടെ സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ ലോറിയുമായി ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.