പാലാ: ഇനി തകരാൻ ബാക്കിയില്ല. നെടുനീളത്തിലാണ് കുഴികൾ. അത് റോഡിന് ഒത്ത നടുവിലും. നഗരസഭയിലെ കരിമ്പത്തിക്കണ്ടം-കണ്ണാടിയുറുമ്പ് റോഡ് ആകെ തകർന്നു. അറ്റകുറ്റപ്പണി നടത്താത്തത് മൂലം കുണ്ടുംകുഴിയുമായ റോഡിൽ ഗതാഗതം ബാലികേറാമലയായി മാറുകയാണ്.
നഗരസഭയിലെ 14ാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്റെ നടുവിലൂടെ ഓടപോലെ നീണ്ടകുഴി രൂപപ്പെട്ടിരിക്കുകയാണ്. മഴയിൽ കുഴിയിൽ ചെളിവെള്ളം നിറയുന്നതോടെ കാൽനടയാത്രപോലും അസാധ്യമാകുന്നു. പാലാ-പൊൻകുന്നം റോഡിനെയും ഇടമറ്റം റോഡിനെയും ബന്ധിപ്പിക്കുന്ന വഴിയാണിത്. റോഡ് തകർന്നിട്ട് നാളുകളായെങ്കിലും അറ്റകുറ്റപണി നടത്തുന്നതിൽ നഗരസഭാ അധികാരികൾ കടുത്ത അവഗണന കാട്ടുകയാണെന്നാണ് ആക്ഷേപം.നൂറ്റമ്പതോളം കുടുംബങ്ങളും നിരവധി യാത്രക്കാരും ഉപയോഗിക്കുന്ന റോഡാണ് ആകെ തകർന്നിരിക്കുന്നത്.
ഇനി സമരം
അറ്റകുറ്റപണി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷസമരപരിപാടികൾക്ക് രൂപം കൊടുക്കാനുള്ള നീക്കത്തിലാണ് യാത്രക്കാരും നാട്ടുകാരും.
റോഡ് നന്നാക്കിയില്ലെങ്കിൽ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പാലാ പൗരാവകാശ സമിതി വ്യക്തമാക്കി. പ്രസിഡന്റ് ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് ജയിംസ്, തോമസ് ഗുരുക്കൾ, രാധാകൃഷ്ണൻ പ്രശാന്തി, അജി കെ.എസ് എന്നിവർ സംസാരിച്ചു. റോഡിന്റെ ദുരവസ്ഥയ്‌ക്കെതിരെ ഒപ്പുശേഖരണം നടത്താനും പൗരസമിതി യോഗം തീരുമാനിച്ചു.