
പാലാ: വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ സ്വർണകുതിപ്പ് തുടർന്ന് സി. ചാന്ദ്‌നി എന്ന സുവർണകായികതാരം. ഏഴ് വർഷത്തോളം സംസ്ഥാന സ്‌കൂൾ കായിക മേളയിൽ 3000,1500, 800 ദീർഘദൂര ഓട്ടമത്സരങ്ങളിലും 1500 മീറ്ററിൽ ദേശീയ മത്സരത്തിലും 1500 മീറ്ററിൽ തന്നെ അന്തർദേശീയ മത്സരത്തിലും സ്വർണമണിഞ്ഞിട്ടുണ്ട് ഈ കായികതാരം. ആദ്യമായാണ് സർവകാലാശാലാ കായികമേളയിൽ പങ്കെടുക്കുന്നത്, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒന്നാം വർഷ ഇംഗ്‌ളീഷ് ബിരുദ വിദ്യാർത്ഥിനിയായ ചാന്ദ്നി പാലക്കാട് ചിറ്റൂർ ലീലനിവാസിൽ ചന്ദ്രന്റെ മകളാണ്. ചെറുപ്പത്തിലെ മാതാവ് മരണ മടഞ്ഞ ചാന്ദ്‌നി തയ്യൽ തൊഴിലാളിയായ അച്ഛന്റെ ചെറിയ വരുമാനത്തിൽ ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കായിക കേരളത്തിന് അഭിമാനമാവുകയാണ്. കോളേജിലെ കായിക വകുപ്പദ്ധ്യക്ഷൻ ഡോ. ജോർജ് ഇമ്മാനുവലിന്റെ കീഴിലാണ് പരിശീലനം.