പാലാ: പാലാ-ഈരാറ്റുപേട്ട-എം.ഇ.എസ് ജംഗ്ഷൻ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പനയ്ക്കപ്പാലം ജംഗ്ഷൻ നവീകരിക്കാൻ തീരുമാനമായതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. പ്ലാശനാൽ റോഡിൽ നിന്നും ഓട നിർമ്മിച്ച് ഈരാറ്റുപേട്ട റോഡിലേക്ക് പരമാവധി ഓട എത്തിക്കുന്നതിനും അതുവഴി അവിടെ ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണും. പനയ്ക്കപ്പാലം ടൗണിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ബസ് ബേ നിർമ്മിച്ച് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി അദ്ദേഹം അറിയിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ മുതൽ എംഇഎസ് ജംഗ്ഷൻ വരെയുള്ള ബിസി ഓവർ ലെ ടാറിങ്ങും പൂർത്തീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലാ ഈരാറ്റുപേട്ട റോഡ് നവീകരണത്തിന് 4 കോടി രൂപയുടെയും,എംഇഎസ് ജംഗ്ഷൻ സെൻട്രൽ ജംഗ്ഷൻ റോഡിന് 33 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിരുന്നത്.