പൊൻകുന്നം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 10.36 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കാത്ത് ലാബ് 20 ന് പ്രവർത്തനമാരംഭിക്കും.
ഇതോടെ ജില്ലയിൽ കോട്ടയം മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഹൃദ്രോഗ ചികിത്സ ലഭ്യമാകുന്ന രണ്ടാമത്തെ സർക്കാർ ആതുരാലയമായി ജനറൽ ആശുപത്രി മാറും. സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ പത്ത് കാത്ത് ലാബുകളിൽ ഒരെണ്ണമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയ്ക്ക് സ്വന്തമായത്. 5,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിച്ച കാത്ത് ലാബിന് വേണ്ടി എട്ടര കോടി രൂപയുടെ ഉപകരണങ്ങൾ ഉൾപ്പെടെ ആകെ 10.36 കോടി രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്. ആൻജിയോഗ്രാം പരിശോധനയും,​ ആൻജിയോപ്ലാസ്റ്റി ചികിത്സയും ലഭ്യമാണ്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2 കാർഡിയോളജിസ്റ്റുകളെ സർക്കാരും, കാത്ത് ലാബ് ടെക്‌നീഷ്യൻ,സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ ആവശ്യമായ മറ്റ് 14 ജീവനക്കാരെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ ബ്ലോക്ക് പഞ്ചായത്തുമാണ് നിയമിച്ചിട്ടുള്ളത്.