പാലാ : കരിമ്പത്തിക്കണ്ടം - കണ്ണാടിയുറുമ്പ് റോഡ് നന്നാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായി നഗരസഭ വൈസ് ചെയർമാനും പതിനാലാം വാർഡ് കൗൺസിലറുമായ സിജി പ്രസാദ് അറിയിച്ചു. റോഡിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. മഴമൂലമാണ് ടാറിംഗ് അല്പം വൈകിയത്. എത്രയും വേഗം റോഡുപണി ആരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നാളുകളായി അറ്റകുറ്റപ്പണി ഇല്ലാത്തതുമൂലം കുണ്ടും കുഴിയുമായ റോഡിലൂടെ ഗതാഗതം ദുസഹമായിരുന്നു. റോഡിന്റെ നടുവിലൂടെ ഓടപോലെ നീണ്ട കുഴിയും രൂപപ്പെട്ടിരുന്നു. മഴയിൽ ഈ കുഴിയിൽ ചെളിവെള്ളം നിറഞ്ഞ് കാൽനടയാത്രയും അസാദ്ധ്യമായിരുന്നു. തുടർച്ചയായി പൈപ്പ് പൊട്ടുന്നതും റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടി. പാലാ - പൊൻകുന്നം റോഡിനെയും ഇടമറ്റം റോഡിനെയും ബന്ധിപ്പിക്കുന്ന വഴിയാണിത്.