കോട്ടയം: വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാറിനെ പിന്തുണക്കണമെന്ന് പറയുന്ന ശശി തരൂർ എം.പി കെ- റെയിൽ പദ്ധതിയെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. ഏറ്റുമാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കെ റെയിൽ കടന്നുപോകുന്ന 13 വില്ലേജ് ഓഫീസുകളുടെ മുമ്പിലും ധർണ്ണ നടത്തി. പുതുപ്പള്ളി വില്ലേജിന്റെ മുന്നിൽ സംസ്ഥാന നിർവ്വാഹക സമിതിയംഗം ബി.രാധാകൃഷ്ണ മേനോനും, മുളക്കുളത്ത് ജനകീയ സമിതി രക്ഷാധികാരി എം.ടി.തോമസും, വാകത്താനത്ത് കെ.ജി.രാജ് മോഹനും കടുത്തുരുത്തിയിൽ പി ജി.ബിജു കുമാറും, നാട്ടകത്ത് എസ്.രതീഷും, കാണക്കാരിയിൽ പ്രൊഫ. ബി.വിജയകുമാറും, കുറവിലങ്ങാട്ട് എൻ.കെ.ശശികുമാറും, ഞീഴൂരിൽ കെ. ഗുപ്തനും, മാടപ്പള്ളിയിൽ എം.ബി.രാജഗോപാലും, പെരുമ്പായിക്കാട് ജയശ്രീ പ്രസന്നനും, വിജയപുരത്ത് തോമസ് ജോണും, പനച്ചിക്കാട് റ്റി.എൻ. ഹരികുമാറും ഉദ്ഘാടനം ചെയ്തു.