കടുത്തുരുത്തി : കേരളത്തിന്റെ എല്ലാ ഭാഗത്തും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്ത് ഗുരുതരമായ പരിസ്ഥിതി ആഘാത പ്രശ്‌നങ്ങൾ ഇടവരുത്തുമെന്ന് വിദഗ്ദ്ധ പഠനങ്ങൾ വ്യക്തമാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സിൽവർലൈൻ - കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി വിളിച്ച് ചേർത്ത പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർന്ന് തരിപ്പണമായ റോഡുകൾ നന്നാക്കാൻ പോലും പണമില്ലാത്ത സംസ്ഥാന സർക്കാർ കുഴഞ്ഞ് കിടക്കുമ്പോഴാണ് 2 ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതിയ്ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള റെയിൽവേ ലൈനുകളിൽ സമഗ്രമായ വികസനം നടത്തി എല്ലാ ട്രെയിനുകളും വേഗത്തിലാക്കാൻ കഴിയുന്ന വിധത്തിൽ യു.ഡി.എഫ് മുന്നോട്ട് വച്ചിരിക്കുന്ന ബദൽ നിർദ്ദേശം സർക്കാർ പരിശോധിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറവിലങ്ങാട് കോൺഗ്രസ് ഹൗസിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അദ്ധ്യക്ഷത വഹിച്ചു. ഇ.ജെ അഗസ്തി, സജി മഞ്ഞക്കടമ്പിൽ, എം.എൻ ദിവാകരൻ നായർ, മാഞ്ഞൂർ മോഹൻകുമാർ, യു.പി ചാക്കപ്പൻ, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, കെ.പി ജോസഫ്, സി.സി മെക്കിൾ, ജെയിംസ് തത്തംകുളം, ചെറിയാൻ കെ.ജോസ്, ജോസ് ജെയിംസ് നിലപ്പന, പ്രമോദ് കടന്തേരി, ബെന്നി ഉഴവൂർ, സൈമൺ ഒറ്റത്തെങ്ങാടി, ജോയി അഞ്ചാംതടം, സനോജ് മിറ്റത്താനി, ജോണി കണിവേലി, ജോയി ഇടത്തിനാൽ, സിബി ചിറ്റക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.