മുണ്ടക്കയം : പിതാവ് ഉപേക്ഷിച്ച് പോയി, മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു. എന്ത് ചെയ്യണമെന്നറിയാതെ വാടകവീട്ടിൽ മുത്തശ്ശിക്കൊപ്പം അന്തിയുറങ്ങിയ വണ്ടൻപതാൽ അസംബനി സ്വദേശി 19 കാരി ശ്രീക്കുട്ടിയ്ക്കായി നാട് ഒന്നിച്ചപ്പോൾ സ്വപ്നഭവനം യാഥാർത്ഥ്യമായി. ലൈഫ് മിഷൻ പദ്ധതിയിൽ വീട് നൽകാൻ പഞ്ചായത്ത് തയ്യാറായെങ്കിലും സ്ഥലം പ്രതിസന്ധിയായി. ഒടുവിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രവാസിയോട് വിവരങ്ങൾ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 5 സെന്റ് നൽകാൻ തയ്യാറായി. എന്നാൽ, മുത്തശ്ശിയോടൊപ്പമുള്ള താമസം പ്രയാസകരമായതിനാൽ അതുപേക്ഷിച്ചു. തുടർന്ന് കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ചാർളി കോശിയുടെ നേതൃത്വത്തിൽ എം.എൽ.എ സർവീസ് ആർമി, നാട്ടുകാരോടൊപ്പം നടത്തിയ ഇടപെടലാണ് ആവശ്യമായ പണം സമാഹരിക്കാൻ കഴിഞ്ഞത്. പി.എൻ. സത്യൻ കുറഞ്ഞ തുക വാങ്ങി മൂന്നു സെന്റ് നൽകിയതോടെ പഞ്ചായത്ത് ലൈഫ് മിഷനിലൂടെ നൽകിയ തുകയും നാട്ടുകാരിൽ നിന്ന് സമാഹരിച്ച തുകയും ചേർത്തു വീട് നിർമ്മാണം പൂർത്തീകരിച്ചു. ഒമ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നാളെ വൈകിട്ട് 3.30 ന് പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസിന്റെ അദ്ധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ താക്കോൽദാനം നിർവഹിക്കും.