കോട്ടയം : ജലവും പ്രകൃതിയും സംരക്ഷിക്കാൻ ജില്ലയിൽ പത്തിന പദ്ധതിയുമായി തണ്ണീർത്തട ജല ഉപഭോക്തൃ സംരക്ഷണ സമിതി. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ജലവും വായുവും സംരക്ഷിക്കുന്നതിൽ ബോധവത്കരണ ക്ലാസുകൾ നൽകുന്നത് മുതൽ പുഴകളുടെ ഒഴുക്ക് തടസപ്പെടുത്തുന്നതിനെതിരായ ഇടപെടൽ വരെയാണ് സമിതി ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉപസമിതികൾ രൂപീകരിച്ച ശേഷം ബോധവത്കരണ നടപടികളുമായി സമിതി രംഗത്ത് ഇറങ്ങും. വെള്ളവും വായുവും മലിനമല്ലാത്ത, മിന്നൽ പ്രളയങ്ങൾ ഇല്ലാത്ത നാടിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം. യുവാക്കളെയും വിദ്യാർത്ഥികളെയും പുരോഗമന ആശയങ്ങളോടെ വാർത്തെടുത്ത് നാടിനെ രക്ഷിക്കാനാണ് പദ്ധതിയെന്ന് സമിതി അദ്ധ്യക്ഷൻ നിബു എബ്രഹാം കോയിത്ര അറിയിച്ചു.