പാലാ : ളാലം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭഗവാന് സമർപ്പിക്കുന്ന തിരുവാതിരപ്പുഴുക്കിനുള്ള എട്ടങ്ങാടി സമർപ്പണ ഘോഷയാത്ര ഇന്നലെ വൈകിട്ട് നടന്നു. എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺശാഖയുടെ ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. വൈകിട്ട് 6.15 ഓടെ ളാലം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ താലപ്പൊലിയേന്തി നിരവധി സ്ത്രീകൾ അണിനിരന്നു. താളമേളങ്ങളും വായ്ക്കുരവകളും നാമജപമന്ത്രങ്ങളും അകമ്പടിയേകി. ശാഖാ നേതാക്കളായ പി.ജി. അനിൽകുമാർ, ബിന്ദു സജി മനത്താനം, നാരായണൻ കുട്ടി അരുൺനിവാസ് എന്നിവർ നേതൃത്വം നൽകി. ളാലം ക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ ഉത്സവകമ്മറ്റി ഭാരവാഹികളായ പുത്തൂർ പരമേശ്വരൻ നായർ, അഡ്വ. രാജേഷ് പല്ലാട്ട്, പി.ആർ. നാരായണൻ കുട്ടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിന് വലംവച്ച് എട്ടങ്ങാടി വിഭവങ്ങൾ തിരുമുമ്പിൽ സമർപ്പിച്ചു. തുടർന്ന് ദീപാരാധന, ചുറ്റുവിളക്ക്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുമുണ്ടായിരുന്നു.