അടിമാലി: കൊവിഡ് മറന്ന് ശൈത്യകാലം ആഘോഷിക്കാൻ സഞ്ചാരികൾ മൂന്നാറിലേക്ക് മെല്ലെ എത്തി തുടങ്ങിയതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ചൂടുപിടിച്ചുതുടങ്ങി. മുൻകാലങ്ങളെ അപേക്ഷിച്ച് പുലർച്ചെ അൽപ്പം കുളിര് കുറവുണ്ടെങ്കിലും തെളിഞ്ഞ ആകാശവും താഴെ പരന്ന കാഴ്ചകളും തീർക്കുന്ന വശ്യമനോഹാരിതക്ക് തെല്ലും കുറവില്ല. പുൽനാമ്പുകളിൽ മഞ്ഞിൻ കണങ്ങൾ പറ്റിപിടിച്ച് തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ മുമ്പിൽ കണ്ട് സഞ്ചാരികളെ വരവേൽക്കാൻ മൂന്നാറിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും ഒരുങ്ങി കഴിഞ്ഞു. 2018ലെ പ്രളയകാലം മുതൽ മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. കൊവിഡ് കാലവും അടച്ചിടലും എത്തിയതോടെ കാര്യങ്ങൾ പിന്നെയും സങ്കീർണമായി. വിദേശ വിനോദ സഞ്ചാരികൾ ഇപ്പോഴും അകന്ന് നിൽക്കുന്നു. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയുള്ള വിനോദ സഞ്ചാരികളാണ് മൂന്നാറിനെ ഇപ്പോൾ സജീവമാക്കുന്നത്. ശൈത്യമേറുന്നതോടെ കൂടുതൽ സഞ്ചാരികളെത്തുകയും ക്രിസ്മസ് പുതുവത്സര കാലത്ത് മോശമല്ലാത്ത വരുമാനം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ളത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി

വിനോദസഞ്ചാര സീസൺ എത്തിയതോടെ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിഷ്‌കരണം ആരംഭിച്ചു. അനധികൃത സ്റ്റാൻഡുകൾ ഒഴിപ്പിച്ചും നിയമവിരുദ്ധ പാർക്കിംഗ് നിരോധിച്ചുമാണ് സൗകര്യം ഒരുക്കുന്നത്. ടൗണിലുടനീളം അലസമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഹോർട്ടികോർപ്പിന്റെ പച്ചക്കറി വിൽപന ശാല, പഞ്ചായത്ത് ഓഫീസ് റോഡ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ ഇനിമുതൽ ഒരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഓട്ടോ, ടാക്‌സി വാഹനങ്ങൾ സ്റ്റാൻഡായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അംഗീകൃത മേഖലയിൽ മാത്രം ടാക്‌സികൾ പാർക്ക് ചെയ്യണം. രാജമലയിലേക്കുള്ള പ്രവേശന കവാടമായ അഞ്ചാം മൈലിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ഈടാക്കും. സഞ്ചാരികളുടെ വാഹനങ്ങൾ വനം വകുപ്പിന്റെ പാർക്കിങ് മേഖലയിൽ മാത്രം ഇടാം. മറ്റ് വാഹനങ്ങൾക്ക് അനുമതിയില്ല.