അടിമാലി: ക്ഷീരമേഖലയെ മുമ്പോട്ട് കൊണ്ടുപോകാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്ന് കൂടുതൽ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവുമായി ക്ഷീര കർഷകർ രംഗത്ത്.ഏറ്റവും ഗുണമേന്മ കൂടിയ പാലിന് 37 രൂപയാണ് ക്ഷീരകർഷകർക്ക് ലഭിക്കുന്നത്.വർഷങ്ങൾക്ക് മുമ്പ് പാൽവില വർദ്ധിപ്പിച്ച കാലയളവിൽ 700 രൂപയായിരുന്നു ഒരു ചാക്ക് കാലിത്തീറ്റയുടെ വില.ഇന്നത് പലയിടത്തും 1300ന് മുകളിൽ എത്തി.കാലിത്തീറ്റക്കുണ്ടായിട്ടുള്ള വിലവർധദ്ധനവടക്കമുള്ള കാര്യങ്ങളാൽ നിലവിൽ പാലിന് ലഭിക്കുന്ന വിലയുമായി മുമ്പോട്ട് പോകാനാവില്ലെന്ന് കേരളാ സ്റ്റേറ്റ് മിൽക്ക് അസോസിയേഷൻ ബ്ലോക്ക് പ്രസിഡന്റ് പോൾ മാത്യു പറഞ്ഞു.പാൽവില വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ക്ഷീരകർഷകരുടെ ഭാഗത്തു നിന്നുയരുന്നുണ്ട്.ഒരു ലിറ്റർ പാലിന് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമെ ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷീരമേഖല ലാഭകരമായി മുമ്പോട്ട് പോകുകയുള്ളുവെന്ന് കർഷകർ പറയുന്നു.ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ ക്ഷീരമേഖലക്കത് നവോന്മേഷം നൽകും.കൊവിഡ് കാലത്തെ അടച്ചിടലിൽ വരുമാനം നഷ്ടമായവർ പലരും ജീവിതമാർഗ്ഗം തേടി ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്.പുതിയതായി കടന്ന് വന്നവരും ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷീരമേഖലയിൽ പിടിച്ച് നിൽക്കാൻ പാടുപെടുകയാണ്.