കുമരകം : ക്രിസ്മസ് - പുതുവത്സര വിപണി ലക്ഷ്യമാക്കി പതിനായിരക്കണക്കിന് താറാവുകളെ വളർത്തിയ കുമരകത്തെ താറാവ് കർഷകരുടെ പ്രതീക്ഷകളാണ് പക്ഷിപ്പനിയിൽ എരിഞ്ഞടങ്ങിയത്. വസ്തുവും സ്വർണവും പണയപ്പെടുത്തി കൃഷി നടത്തിയ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരെത്തി കൊന്ന് സംസ്ക്കരിക്കുന്ന താറാവുകൾക്ക് മാത്രമാണ് അവ ലഭിക്കുക. എന്നാൽ ഉദ്യേഗസ്ഥരെത്തുന്നതിന് മുൻപ് തന്നെ ആയിരക്കണക്കിന് താറാവുകൾ രോഗം ബാധിച്ച് ചത്തിരിന്നു. കർഷകർ തന്നെ ഇവ സംസ്ക്കരിച്ചു. 7600 താറാവുകളെ വളർത്തിയ തങ്കച്ചന്റെ 6560 താറാവുകളും രോഗം ബാധിച്ച് നേരത്തെ ചത്തു. നഷ്ടപരിഹാര തുക ലഭിക്കുന്നതാകട്ടെ ഇന്നലെ കൊന്ന 1040 താറാവുകൾക്ക് മാത്രം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കണമെന്ന നിയമം മൂലം ഏറെ തിരിച്ചടി നേരിടേണ്ടി വന്ന കർഷകനാണ് ലാലൻ. 1300 മുട്ടയിടുന്ന താറാവുകളെയാണ് കൊന്നൊടുക്കിയത്. ആയിരത്തിലധികം മുട്ടകൾ ദിവസേന ലഭിച്ചു കൊണ്ടിരുന്ന താറാവുകൾക്ക് നാളിതുവരെ രോഗമോ രോഗലക്ഷണമോ ഇല്ലെന്നാണ് ലാലൻ പറയുന്നത്. ഫാമിൽ നിന്ന് മുട്ട വിരിയുന്ന ദിവസം 23 രൂപ നിരക്കിൽ വാങ്ങി അഞ്ച് മാസത്തിലധികം വളർത്തിയ താറാവ് മുട്ടയിട്ട് തുടങ്ങിയപ്പോഴാണ് ഇവയ്ക്ക് നിയമം കുരുക്കായത്.
വകുപ്പുതലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തറാവുകൾക്കും നഷ്ടപരിഹാരം ലഭിക്കണം. ഇപ്പോഴുള്ള നിമയം കർഷകനെ വലിയ കടക്കെണിയിലാക്കും.
രാഹുൽ പത്തു പങ്ക്
കഴിഞ്ഞ 40 വർഷമായി തുടരുന്ന താറാവ് കൃഷി ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് തുടരുന്നത്. പക്ഷിപ്പനി മൂന്ന് തവണകളായി വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടമാണ്. സർക്കാർ സഹായം കൂടുതൽ അനുവദിക്കണം.
തങ്കച്ചൻ തട്ടാട്ടുതറ