കോടിമതയിലെ അത്യാധുനിക അറവുശാല നാശത്തിന്റെ വക്കിൽ

കോട്ടയം: ഒന്നും രണ്ടുമല്ല, ചെലവഴിച്ചത് മൂന്ന് കോടി രൂപ. പക്ഷേ കോടിമതയിൽ കോടികൾ മുടക്കി നിർമ്മിച്ച അത്യാധുനിക അറവുശാല ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. ഇതോടെ ആധുനിക അറവ് ശാലയിലെ അത്യാധുനിക യന്ത്രങ്ങൾ കേടുപിടിച്ച് നാശത്തിന്റെ വക്കിലാണ്. പി.ആർ സോന നഗരസഭ അദ്ധ്യക്ഷയായിരുന്നപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് അറവുശാല ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉദ്ഘാടനത്തിനുശേഷം അധികകാലം പ്രവർത്തിക്കാൽ അറവുശാലക്കായില്ല. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ലഭിക്കാത്തതുമൂലം അറവുശാലയ്ക്ക് പൂട്ടുവീഴുകയായിരുന്നു.കോടിമത പച്ചക്കറിച്ചന്തക്കു സമീപം 30 സെന്റ് സ്ഥലത്താണ് നഗരസഭയുടെ ആത്യാധുനിക അറവുശാല നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക യന്ത്രസംവിധാനങ്ങളാണ് ഇവിടെ മാടുകളെ കൊന്ന് കശാപ്പ് ചെയ്യുന്നതിനായി സ്ഥാപിച്ചത്. വേദന അറിയിക്കാതെ ബോധരഹിതമാക്കി കശാപ്പ് ചെയ്യാനുള്ള സംവിധാനം ഉൾപ്പെടെ ഇവിടെ സ്ഥാപിച്ചിരുന്നു. ഗുണമേന്മ ഉറപ്പുവരുത്തി മാംസം അറവുശാലയിൽ സ്റ്റാളുകളിൽ സ്ഥാപിച്ച് വില്പന നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മാംസാവശിഷ്ടങ്ങളും മറ്റും തറയിൽ വീണ് മലിനമാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള സംവിധാനവും ഇവിടെ ഒരിക്കിയിരുന്നു. പ്രവർത്തനം നിലച്ചതോടെ അറവുശാലയിലെ ജലശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെ നാശത്തിന്റെ വക്കിലാണ്.

നടപടി സ്വീകരിക്കും

അറവുശാല തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വ്യക്തമാക്കി. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.