വൈക്കം: വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതിനെ തുടർന്ന് വേമ്പനാട്ടുകായലോര പ്രദേശങ്ങളിലെ വീടുകളും നാട്ടുവഴികളും വെള്ളത്തിലായി. വൈക്കം വെച്ചൂരിലെ പുത്തൻകായൽ പ്രദേശം, അംബികാ മാർക്കറ്റ്, തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് വടക്കുഭാഗങ്ങൾ, തലയാഴത്തെ കൊതവറ, ടിവി പുരത്തെ കോട്ടപ്പുറം, കരിയാറിന്റെ തീരം, മുത്തേടത്തുകാവ് ,പഴുതുവള്ളി, ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ്, പനമ്പുകാട്, അക്കരപ്പാടം, മറവൻതുരുത്തിലെ ചെമ്മനാകരി , ചെമ്പിലെതറവട്ടം മേക്കര, മുറിഞ്ഞപുഴയുടേയും ഇത്തിപ്പുഴയുടേയും തീരപ്രദേശങ്ങളിലും വെള്ളപ്പൊക്ക ദുരിതം രൂക്ഷമാണ്. അക്കരപ്പാടത്ത് നാട്ടുതോടുകൾ കരവിഞ്ഞ് വീടുകൾക്കുള്ളിൽ വെള്ളം കയറി. ചില വീടുകളിലെ ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങൾ തകരാറിലായി. തുടർച്ചയായിയുണ്ടായ പ്രളയങ്ങളിൽ ഒഴുകിയെത്തിയ മണലും എക്കലും കായലിൽ വലിയ മൺകൂനകൾ തീർത്തിട്ടുണ്ട്. വഞ്ചിവീടുകളും യാത്രാബോട്ടുകളും മൺകൂനകളിൽ തട്ടി അപകടം പതിവാണ്. വേമ്പനാട്ടുകായലിലും അനുബന്ധ തോടുകളിലും മണലും എക്കലുമടിഞ്ഞ് പല ഭാഗവും നികന്ന് വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി നഷ്ടപ്പെട്ടതും തീരമേഖലയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. ജലാശയങ്ങളിലെ മണലും എക്കലും നീക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.