പാലാ : ചെലവുകുറഞ്ഞ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ലയിൽ കൂടുതൽ ഗവൺമെന്റ് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ജോസ് കെ മാണി എം.പി വ്യക്തമാക്കി. ഇതിനായി കേന്ദ്ര ഗവൺമെന്റിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ കാരുണ്യസ്പർശം 2021 എന്ന പേരിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണങ്ങാനം ,കടനാട്, കരൂര്, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലെ 53 വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കിഡ്‌നിരോഗികൾക്കാണ് ഡയാലിസിസ് കിറ്റ് നൽകിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബിജോസ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മഞ്ജു ബിജു,ലിസി സണ്ണിബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ കടയ്ക്കൽ, ലിസ്സി സണ്ണി, ആനന്ദ് ചെറുവള്ളി,ജോസ് ചെമ്പകശ്ശേരിൽ, ലിസമ്മബോസ് ,ജോസുകുട്ടി അമ്പലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.