കോട്ടയം: യുവജനങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വേദിയൊരുക്കി സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന കോട്ടയത്ത് നടത്തിയ 'നിയുക്തി 2021' മെഗാ തൊഴിൽ മേളയിലൂടെ 770 പേർക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചു. 1772 പേരെ വിവിധ സ്ഥാപനങ്ങൾ ഷോർട് ലിസ്റ്റ് ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും കോട്ടയം ബസേലിയസ് കോളജുമായി സഹകരിച്ച് നടത്തിയ തൊഴിൽ മേളയിൽ 6487 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.
മന്ത്രി വി.എൻ. വാസവൻ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഊർജ്ജിത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വൈകിട്ട് ആറിനാണ് മേള സമാപിച്ചത്. സ്വയംതൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി സെൽഫ് എംപ്ലോയ്‌മെന്റ് യൂണിറ്റിന്റെ സ്റ്റാളും ഇന്ത്യൻ വ്യോമസേനയിലെ അവസരങ്ങളെക്കുറിച്ച് ഉദ്യോഗാർഥികൾക്ക് വിവരങ്ങൾ നൽകുന്നതിന് വ്യോമസേനയുടെ പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിരുന്നു.