ചിങ്ങവനം: നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന തിരുവല്ല, കിഴക്കേക്കര ഡാനിയേൽ കെ. ജോർജ്(48), മാത്യു ജോർജ് (52), ഡാനിയേലിന്റെ മകൻ സോനു ഡാനിയേൽ (21), ലോറിയിലെ ജീവനക്കാരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ എം.സി റോഡിൽ നാട്ടകം വില്ലേജാഫീസിന് മുന്നിലാണ് അപകടം. അമിത വേഗത്തിൽ കാർ പാഞ്ഞുവരുന്നതു കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടയിൽ ലോറി മറിഞ്ഞാണ് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റത്. തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കായി ഡാനിയേലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന മാത്യു ജോർജ് ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ലോറിയിൽ ഇടിച്ച ശേഷം, കാർ റോഡരികിലെ പോസ്റ്റും ഇടിച്ചുതകർത്തു. സംഭവമറിഞ്ഞെത്തിയ ചിങ്ങവനം പൊലീസും, കോട്ടയത്ത് നിന്നുമെത്തിയ ഫയർഫോഴ്‌സും ചേർന്ന് കാറിന്റെ ഡോർ വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു.