കുറുപ്പന്തറ : ശക്തമായ മഴയിൽ ജോലികൾ തടസപ്പെട്ട സാഹചര്യത്തിൽ മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് ജനുവരി 30 വരെ സമയം വേണ്ടിവരുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തോട് അനുബന്ധിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മുടങ്ങിക്കിടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കുകയും, അപ്രോച്ച് റോഡ് നിർമ്മാണത്തിന് മുഖ്യ തടസമായിരുന്ന പൈപ്പ് ലൈനുകൾ വാട്ടർ അതോറിറ്റി മാറ്റി സ്ഥാപിക്കുകയും ചെയ്തതിനെ തുടർന്ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ഉദ്യോഗസ്ഥതല യോഗത്തിൽ ഡിസം. 31ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചത്. ഇപ്പോൾ ലഭിക്കുന്ന അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി പരമാവധി വേഗത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റെയിൽവെ ഉദ്യോസ്ഥരോടൊപ്പം രാഷ്ട്രീയ നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, സുനു ജോർജ്, സി.എം ജോർജ് എന്നിവരും എം.എൽ.എയോടൊപ്പം സന്നിഹിതരായിരുന്നു.

നടക്കുന്നത് കരിങ്കല്ല് അട്ടിയിടുന്ന ജോലികൾ

അപ്രോച്ച് റോഡിന് വേണ്ടി നിർമ്മിക്കുന്ന കോൺക്രീറ്റിംഗ് ഭിത്തിയുടെ ജോലികൾ റോഡ് ലെവലിൽ പൂർത്തീകരിച്ചിട്ടുണ്ട്. കോൺക്രീറ്റ് ഭിത്തിയുടെ സൈഡിൽ കരിങ്കല്ല് അട്ടിയിടുന്ന ജോലികളാണ് നടന്ന് വരുന്നത്. ഇത് തീർന്നാലുടൻ മണ്ണ് നിറച്ച് റോഡ് ഫോം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുകളിൽ ജി.എസ്.ബി നിറച്ച ശേഷം രണ്ട് ലെയർ ടാർ ചെയ്യും.

കോതനല്ലൂർ ഗേറ്റും അടച്ചു, സർവത്ര ദുരിതം

മാഞ്ഞൂർ മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ രണ്ടുവർഷത്തിലധികമായി പാലത്തിന് അക്കരെയുള്ളവർക്ക് ആശ്രയം കോതനല്ലൂർ വഴിയാണ്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി റെയിൽവെഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ പലരും കിലോമീറ്ററുകൾ ചുറ്റി കുറുപ്പന്തറ വഴിയാണ് എം.സി റോഡിലേക്ക് കടക്കുന്നത്. അടിക്കടി പണികൾക്കായി ഗേറ്റ് അടച്ചിടുന്നത് വിദ്യാർത്ഥികളെയടക്കം ദുരിതത്തിലാക്കിയിരിക്കുകയാണ്. കൂടാതെ ട്രെയിൻ കടന്നുപോയാലും ഏറെ നേരം കഴിഞ്ഞാണ് ഇവിടെ ഗേറ്റ് തുറക്കുന്നതെന്ന ആക്ഷേപം ഉയ

രുന്നുണ്ട്.