കോട്ടയം: തലയും മുഖവും മറച്ചെത്തിയ സംഘം ഇറഞ്ഞാൽ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ 1.45നും 2:15നും ഇടയിലാണ് മോഷണം. നാല് പേരുടെ സംഘമാണെന്ന് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ക്ഷേത്രത്തിലെ മതിലിന് ചുറ്റുമുണ്ടായിരുന്ന 8 കാണിക്കവഞ്ചികളും കുത്തിത്തുറന്നിട്ടുണ്ട്. തലവരെ മൂടുന്ന ബനിയനും മുഖം മറച്ചുമെത്തിയ സംഘങ്ങളാണ് മോഷണം നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം മാനേജർ ബാലകൃഷ്ണൻ കൊച്ചുപറമ്പാണ് മോഷണം നടന്നത് ആദ്യം അറിഞ്ഞത്. തുടർന്ന് ഈസ്റ്റ് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തി. യുവാക്കളാണ് എല്ലാവരും. എട്ട് വർഷം മുൻപും ഇവിടെ മോഷണം നടന്നിരുന്നു. 15000ത്തോളം രൂപ അന്ന് നഷ്ടപ്പെട്ടിരുന്നു.പ്രദേശത്ത് രാത്രി പട്രോളിംഗ് ശക്തമാക്കണമെന്ന് ക്ഷേത്രം ഖജാൻജി അഡ്വ.വി.ആർ.ബാലകൃഷ്ണൻ നായർ ആവശ്യപ്പെട്ടു. അന്വേഷണം ഊർജിതമാക്കിയതായി ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ റിജോ പി.ജോസഫ് പറഞ്ഞു.