പാലാ: പ്രകൃതി സ്‌നേഹികളായ ഒരുസംഘം ആളുകൾ ചേർന്ന് ഇന്നലെ പാലത്തിലേക്ക് കയറിക്കിടന്ന കാട്ടുവള്ളികളും പുല്ലും വെട്ടിനീക്കി. പിന്നാലെ കൈവരിയാകെ കഴുകി വൃത്തിയാക്കി. പാലത്തോട് ചേർന്നുണ്ടായിരുന്ന പുൽപടർപ്പുകളും ചെത്തിനീക്കി. ഒടുവിൽ ശുചീകരിച്ച പാലത്തിൽ മീനച്ചിലാറ്റിലെ തീർത്ഥം തളിച്ച് ശുദ്ധമാക്കി. ഇരുവശങ്ങളിലും പൂമാലകൾക്കൂടി ചാർത്തിയതോടെ കിടങ്ങൂർ പാലത്തിന്റെ ഷഷ്ട്യബ്ദപൂർത്തിയാഘോഷം ഒരു നാടിന്റെ വികാരമായി തിളങ്ങിനിന്നു. പ്രകൃതിസ്‌നേഹിയും ഫോട്ടോഗ്രാഫറുമായ രമേശ് കിടങ്ങൂരിന്റെ നേതൃത്വത്തിലാണ് കിടങ്ങൂർ പാലത്തിന്റെ ഷഷ്ട്യബ്ദപൂർത്തിയാഘോഷംനടത്തിയത്. കിടങ്ങൂർ മണർകാട് റോഡിൽ മീനച്ചിലാറിന് കുറുകെ തലയുയർത്തി നിൽക്കുന്ന കിടങ്ങൂർ പാലം തലമുറകളുടെ 'കടത്തച്ഛനായി ' മാറി ഇന്നും ദൃഢമായി നിലകൊള്ളുകയാണ്. മൂന്നുമാസം മുമ്പുതന്നെ പരിസ്ഥിതി പ്രവർത്തകനായിരുന്ന ആർ. വേണുഗോപാലിന്റെ നേതൃത്വത്തിൽ കിടങ്ങൂർ പാലത്തിന്റെ അറുപതാം വയസ് ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വേണുഗോപാൽ അകാലത്തിൽ മരണമടഞ്ഞത് സഹപ്രവർത്തകർക്കും തീരാവേദനയായി.
ഇന്നലെ വേണുഗോപാലിനെ അനുസ്മരിച്ച ശേഷമാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. മാത്യൂസ് പുളിമൂട്ടിൽ, തോമസ്, സിബി സ്വപ്ന, ജസ്റ്റിൻ, സുമോൾ, കിടങ്ങൂർ പി.കെ.വി. ലൈബ്രറി രക്ഷാധികാരി ഗോപാലകൃഷ്ണൻ നായർ, റോക്കി ജോസഫ്, ജയചന്ദ്രൻ വൈക്കത്തുശ്ശേരി, ഷീല എന്നിവരും ആഘോഷ പരിപാടികളിൽ പങ്കുചേർന്നു.അടുത്തദിവസം പാലത്തിന്റെ കൈവരികൾ വെള്ളപൂശുന്ന ജോലികളും നടക്കും. 1961 ഡിസംബർ 19ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

ചെലവ് 4.67 ലക്ഷം

മൂന്ന് തൂണുകളിലായി 293 അടി നീളത്തിലുള്ള പാലത്തിന്റെ നിർമ്മാണത്തിന് അന്ന് ചെലവായത് 4.67 ലക്ഷം രൂപാ മാത്രമാണ്. കിടങ്ങൂർ മണർകാട് പ്രദേശങ്ങളെ കൂട്ടിയിണക്കിയ പാലം കോട്ടയം പാലാ റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണ്.