കിടങ്ങൂർ: ഒരു മാസം, ഒൻപത് അപകടങ്ങൾ, ഒരു മരണം, 12 പേർക്ക് പരിക്ക്... പാലാ-ഏറ്റുമാനൂർ റൂട്ടിലെ ചെറുതും വലുതുമായ വാഹനാപകടങ്ങളുടെ കണക്കാണിത്. പാലാ-ഏറ്റുമാനൂർ റൂട്ടിൽ വാഹനങ്ങൾ ചീറിപ്പായുകയാണ്. കൺമുന്നിൽ കാണുന്ന നിയമ ലംഘനത്തിനെതിരെ ചെറുവിരലനക്കാൻ കിടങ്ങൂർ പൊലീസ് തയാറാകുന്നില്ല എന്നാണ് ആക്ഷേപം. അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കണമെന്ന് വ്യാപാരികൾ ഉൾപ്പെടെ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അപകടങ്ങൾ തുടർക്കഥയായിട്ടും വഴിയിലിറങ്ങി പരിശോധന നടത്താൻ കിടങ്ങൂർ പൊലീസ് തയാറാവുന്നില്ല. ചുരുക്കംചില കേസുകളിൽ ആരെയെങ്കിലും കസ്റ്റഡിയിൽ എടുത്താൽതന്നെ ഉടൻതന്നെ വിട്ടയയ്ക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം അമിതവേഗതയിൽ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഇയാൾ സ്വഭാവികമായ രീതിയിലല്ല പെരുമാറിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് വ്യാപാരികൾ പൊലീസിനോട് പരാതിപ്പെട്ടെങ്കിലും ഇതൊന്നും കേൾക്കാൻ നിയമപാലകർ തയാറായില്ല.

രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

കിടങ്ങൂരിൽ ഹൈവേയിൽ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് സംബന്ധിച്ചും തുടർച്ചയായി അപകടങ്ങൾ ഉണ്ടായതിനെപ്പറ്റിയും കിടങ്ങൂർ പൊലീസ് വേണ്ടവിധം അന്വേഷിക്കുന്നില്ലെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കിടങ്ങൂരിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് ജില്ലാ ആസ്ഥാനത്തുനിന്നുള്ള അന്വേഷണമാണ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മറ്റുചില നടപടികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.