
എരുമേലി: എരുമേലി -പമ്പ പാതയിൽ കണമല അട്ടിവളവിന് സമീപം ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. പരിക്കേറ്റ ഗുണ്ടൂർ സ്വദേശികളായ ഗുരുസ്വാമി കെ. സുബ്ബ റാവു (68), ഡ്രൈവർ വിജയവാഡ സ്വദേശി എ. രങ്കാചാരി (48), ടി. വി. നരസിംഹാചാരി (49), കെ. നാഗേഷ് (44) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം.
നിരവധി വാഹനാപകടങ്ങളുണ്ടായിട്ടുള്ള കണമല ഇറക്കത്തിലൂടെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വലത്തേ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തുള്ള കെട്ടിടത്തിൽ ഇടിക്കാതെ ബസ് തിട്ടയിൽ ഇടിച്ചു നിർത്തിയ ഡ്രൈവറുടെ മനോധൈര്യമാണ് വൻദുരന്തം ഒഴിവാക്കിയത്. ബസിനടിയിൽപ്പെട്ട ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവറുടെ വലതുകൈയ്ക്ക് പരുക്കേറ്റു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. സ്ത്രീകൾ ഉൾപ്പെടെ 36 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എരുമേലി സി. എച്ച്. സി യിലെത്തിച്ച തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. നാട്ടുകാർക്കൊപ്പം പൊലീസും ഫയർഫോഴ്സും മോട്ടോർ വാഹനവകുപ്പ് സേഫ്‌സോൺ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 അപകട കേന്ദ്രം
വർഷങ്ങൾക്ക് മുൻപ് കണമല അട്ടിവളവിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുള്ളതാണ്. വിവിധ അപകടങ്ങളിലായി ശബരിമല തീർഥാടകരായ മുപ്പത്തിയഞ്ചോളം പേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കണമല അട്ടിവളവിൽ ബസുകൾ നിയന്ത്രണം വിട്ട് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചിരിക്കുന്നതിനാൽ നിയന്ത്രണം നഷ്ടമായ വാഹനങ്ങൾ തടഞ്ഞു നിൽക്കുന്നതോടെ അപകടം ഒഴിവാക്കാനാകും. ഇതിന്റെ താഴ്ഭാഗത്തായാണ് ഇപ്പോൾ അപകടം നടന്നത്. ഡ്രൈവർ വാഹനം തിട്ടയിൽ ഇടിച്ചു നിർത്തിയതോടെയാണ് മറിഞ്ഞത്. ആറു വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ ദാരുണമായി മരണപ്പെട്ടിരുന്നു.