kumarakam

കോട്ടയം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് കരയും കായലും ഒരുപോലെ ഒരുങ്ങി. ഹൗസ് ബോട്ടുകളിൽ മാത്രമല്ല മലയോരങ്ങളിൽ റിസോർട്ടുകളിലും ബുക്കിംഗ് ഏറി. ക്രിസ്മസ് ദിനത്തിന് പിന്നാലെ ഒരു അവധി ദിവസം വരുന്നതിനാൽ നിരവധിപേരാണ് കുടുംബമായി ബുക്കിംഗ് നടത്തിയിരിക്കുന്നത്. ജനുവരി അഞ്ച് വരെ ബുക്കിംഗുണ്ട്.

കൊവിഡ്നിയന്ത്രണത്തിലെ ഇളവുകളും സമ്പൂർണ വാക്സിനേഷനുമാണ് ഗുണകരമായത്. ഇടയ്ക്ക് ഒമിക്രോൺ ഭീഷണി ഉയർത്തിയെങ്കിലും വടക്കേ ഇന്ത്യൻ സഞ്ചാരികൾ എത്താൻ തുടങ്ങിയത് ആശ്വാസമായി. ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും വില്ലകളിലും നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. 1000- 5000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഏറെ നാളത്തെ അടച്ചിരിപ്പിനു ശേഷം വരുന്ന ആഘോഷമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒരു പകലും രാത്രിയും ചെലവഴിക്കുന്നതിന് 3000 മൂതൽ 20,000 രൂപ വരെ ഈടാക്കുന്ന റിസോർട്ടുകളും ജില്ലയിലുണ്ട്. നിരക്ക് മാറുന്നതനുസരിച്ച് സേവനങ്ങളിലും വ്യത്യാസമുണ്ട്. ഹൗസ് ബോട്ട് ബുക്കിംഗും വർദ്ധിച്ചു.

 പ്രിയം കുമരകവും വാഗമണ്ണും

കുമരകത്തെ ഹൗസ് ബോട്ട് യാത്രയും വാഗമൺ അടക്കമുള്ള റിസോർട്ടുകളിലെ ജീവിതവുമാണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. ശാന്തമായ അന്തരീക്ഷവും സുഖകരമായ കാലാവസ്ഥയുമാണ് കൂടുതൽപേരെ ആകർഷിക്കുന്നത്. ഹോം സ്റ്റേകളിലും വില്ലകളിലും ബുക്കിംഗ് തുടരുകയാണ്. ജനുവരി അഞ്ച് വരെയാണ് നിലവിൽ ബുക്കിംഗ്. ട്രെൻഡ് തുടർന്നാൽ അടുത്ത മാസം പകുതിയിലേയ്ക്കും ബുക്കിംഗ് നീളുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.

മാറിമറിഞ്ഞ് നിരക്ക്

 ക്രിസ്മസ് എത്തിയതോടെ ഒറ്റയടിക്കാണ് പല റിസോർട്ടുകളും കോട്ടേജുകളും നിരക്ക് ഉയർത്തിയത്. ഒരു പകലും രാത്രിയും തങ്ങുന്നതിന് ആയ്യായിരം രൂപ വരെ വർദ്ധിപ്പിച്ച റിസോർട്ടുകളുണ്ട്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 15,000 കടക്കും. ഹൗസ് ബോട്ടുകൾ പകൽ നിരക്ക് ഒരാൾക്ക് അറുനൂറ് രൂപയായിരുന്നു മുൻപ്. ഇപ്പോഴത് ആയിരമായി .

'' ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പുത്തൻ ഉണർവിലാണ് ടൂറിസം മേഖല. നോർത്തിന്ത്യൻ സഞ്ചാരികളും വടക്കൻ ജില്ലകളിൽ നിന്നുള്ളവരുമാണ് കൂടുതലായി എത്തുന്നത്''

-ഷനോജ് ഇന്ദ്രപസ്ഥം, ടൂറിസം സംരംഭകൻ