പാലാ:ആതിരനിലാവിന്റെയും ധനുമാസക്കുളിരിന്റെയും ചൈതന്യത്തിൽ അലിഞ്ഞ് ളാലം മഹാദേവന്റെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ഇന്നലെ വൈകിട്ട് ചെത്തിമറ്റം തൃക്കയിൽ കടവിൽ നടന്ന ആറാട്ട് ഭക്തിസാന്ദ്രമായി, നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണുനമ്പൂതിരി, മേൽശാന്തി കരുനാട്ട് ഇല്ലം നാരായണൻ ഭട്ടതിരി, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ളാലം പാലം ജംഗ്ഷനിൽ ആറാട്ട് എതിരേൽപും സ്വീകരണവും നൽകി.തൃക്കയിൽ മഹാദേവ ക്ഷേത്രം,അൽത്തറ ഗണപതി ക്ഷേത്രസന്നിധി എന്നിവിടങ്ങളിലും ആറാട്ട് എഴുന്നള്ളത്തിന് സ്വീകരണം നൽകി. ഉത്സവ ആഘോഷങ്ങൾക്ക് സബ്ഗ്രൂപ്പ് ഓഫീസർ സൗമ്യ മോഹൻ, ഉപദേശകസമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ, സെക്രട്ടറി അഡ്വ.രാജേഷ് പല്ലാട്ട്, നാരായണൻ കുട്ടി അരുൺ നിവാസ് എന്നിവർ നേതൃത്വം നൽകി.