bike

കറുകച്ചാൽ: ബൈക്കിലെത്തിയ സംഘം സാധനങ്ങൾ കടയിലെത്തിച്ചു നൽകുന്ന മൊത്തവ്യാപാരിയെ തടഞ്ഞുവച്ച് വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപ തട്ടിയെടുത്തു. വാകത്താനം പണിക്കപ്പുരയിടം വീട്ടിൽ ബെന്നി നൈനാന്റെ (53) കൈവശമുണ്ടായിരുന്ന കളക്ഷൻ തുകയാണ് തട്ടിയെടുത്തത്. ഇന്നലെ രാവിലെ 10.30 ഓടെ മുണ്ടത്താനം ഇടയിരിക്കപ്പുഴ റോഡിൽ ഇലവുങ്കൽ ഭാഗത്തെ ആളൊഴിഞ്ഞ ഇടറോഡിലായിരുന്നു സംഭവം.

സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ കടകളിൽ മൊത്തവിൽപന നടത്തുന്നയാളാണ് ബെന്നി. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയ ശേഷം മുണ്ടത്താനത്തേക്ക് എളുപ്പ മാർഗമായ ഇലവുങ്കൽ വഴി പോകുകയായിരുന്നു. ഇവിടെ ആളൊഴിഞ്ഞ സ്ഥലത്ത് മുഖം മറച്ച് ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ടു പേർ ഓട്ടോറിക്ഷയ്ക്ക് മുൻപിൽ ബൈക്ക് കുറുകെ നിർത്തിയ ശേഷം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബാഗ് പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് മുണ്ടത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടു. അക്രമികളെത്തിയ ബൈക്കിന് നമ്പർപ്ലേറ്റ് ഉണ്ടായിരുന്നില്ല. പണം നഷ്ടപ്പെട്ട ഉടൻ ബൈന്നി കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സി.സി.ടി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയിൽ അക്രമണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.