വൈക്കം : ചെത്തുതൊഴിലാളി പ്രസ്ഥാനത്തെ സമരരംഗത്തേക്ക് തള്ളിവിടുന്ന സമീപനമാണ് കോൺട്രാക്ടർ സ്വീകരിക്കുന്നതെന്നും ഇനിയും വൈക്കം റേഞ്ചിലെ ചെത്തുതൊഴിലാളി സമരം നീട്ടിക്കൊണ്ടുപോയി വ്യവസായത്തെ തകർക്കരുതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. വൈക്കം റേഞ്ച് നാലാം ഗ്രൂപ്പിലെ ചെത്തുതൊഴിലാളി സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി, സി.പി.ഐ നേതൃത്വത്തിൽ ഷാപ്പ് കോൺട്രാക്ടറുടെ വസതിയിലേക്ക് നടത്തിയ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധിയിലൂടെയാണ് പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായം കടന്നപോകുന്നത്. തൊഴിലാളികളുടെ അഭാവം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഉള്ള തൊഴിൽ കൂടി നഷ്ടപ്പെടുത്താനുള്ള ഷാപ്പ് കോൺട്രാക്ടറുടെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ, സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, ജില്ലാ എക്‌സി. അംഗങ്ങളായ പി.സുഗതൻ, ജോൺ വി ജോസഫ്, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ.എം.മോഹനൻ, മദ്യവ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ.കെ.രാമഭദ്റൻ, കെ.ഡി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. മണ്ണത്താനത്തുനിന്നും പുറപ്പെട്ട മാർച്ചിന് ഡി.രഞ്ജിത് കുമാർ, എം.എസ്.സുരേഷ്, കെ.എസ്.രത്‌നാകരൻ, എൻ.അനിൽ ബിശ്വാസ്, വി.കെ.അനിൽകുമാർ, പി.എസ്.പുഷ്‌കരൻ, കെ.വേണുഗോപാൽ, പി.പ്രദീപ്, എസ് ബിജു, ബി.സദാനന്ദൻ, ഡി.ബാബു, കെ.എ.രവീന്ദ്രൻ, പി.ആർ.ശശി എന്നിവർ പ്രസംഗിച്ചു.