കടുത്തുരുത്തി : വെള്ളം വറ്റിക്കാൻ കാലത്താമസം നേരിടുന്നതോടെ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ 50 ഏക്കറിലെ കൃഷി ഉപേക്ഷിച്ച് കർഷകർ. ഇടയാറ്റ് പാടത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം മൈനർ ഇറിഗേഷൻ പമ്പ് ചെയ്ത് വറ്റിക്കാനുള്ള പദ്ധതി അവസാനഘട്ടമായപ്പേഴേക്കും അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. ഒതളം, വെട്ടുകാട്ട്ചാൽ, ചങ്ങമ്മത, ഇടക്കിഴങ്ങ്, ഇടിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ പാടത്താണ് കർഷകർ കൃഷി ഉപേക്ഷിച്ചത്. ഇവിടങ്ങളിൽ നടുവാനായി ഞാറ് പാകിയിരുന്നെങ്കിലും അത് പാകം കഴിഞ്ഞ് നിൽക്കുകയാണ്. ഇതിന് ആയിരക്കണക്കിന് രൂപയാണ് കർഷകർ ചെലവഴിച്ചത്. വലിയ തോട്ടിലെ വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാൽ മാത്രമേ പാടത്തെ വെള്ളം വറ്റിക്കാൻ സാധിക്കൂ.

എതിർപ്പിൽ കുരുങ്ങിയ കർഷക സ്വപ്നം

മൂവാറ്റുപുഴയാറിലെ വെള്ളം താഴാത്തതാണ് തോട്ടിലെ വെള്ളം കുറയാത്തത്. ഇതിനായി മൈനർ ഇറിഗേഷൻ വകുപ്പ് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് ഒരു വിഭാഗം എതിർപ്പുമായി എത്തിയത്. ഇതോടെ അധികൃതർ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെങ്കിൽ വരും വർഷങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും തരിശു കിടക്കുന്ന സ്ഥിതിയാകുമെന്ന് കർഷകർ പറയുന്നു.