കുറുപ്പന്തറ : ഇപ്പം ശര്യാക്കും ...പറയാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. വഴിപാടിന് ജനപ്രതിനിധികൾ വന്നു സന്ദർശിച്ച് പോകും. പക്ഷെ മാഞ്ഞൂർ മേൽപ്പാലം ഇപ്പോഴും എയറിൽ തന്നെയാ ! രണ്ടറ്റവും കൂട്ടിമുട്ടിക്കാതെ റെയിൽവേയുടെ ഈ പാലം വലിയിൽ നാട്ടുകാർ ശരിക്കും മടുത്തു. ഇനി കോതനല്ലൂർ വഴി കറങ്ങിപ്പോകത്തില്ലേയെന്ന് ആരും പറഞ്ഞുവരരുത്. പൈപ്പിടുന്ന ജോലികൾക്കായി ആ വഴിയും അടച്ചു. കുറുപ്പന്തറ റെയിൽവേഗേറ്റ് കടന്ന് എം.സി റോഡിലേക്ക് എത്താമെന്ന് വിചാരിച്ചാൽ അത് ഒരു പരീക്ഷണമാണ്. സദായസമയം ഗേറ്റ് അടയ്ക്കും. ട്രെയിൻ കടന്നു പോയാൽ ഉയരണേൽ വീണ്ടും കാത്തിരിപ്പ്. തുരുതുരാ അടയ്ക്കുന്ന റെയിൽവേ ഗേറ്റുകളിൽ കാത്തുകിടന്നവർക്കും മറുവഴി തേടിയവർക്കും പറയാൻ ഒരുപാടുണ്ട്. സഹികെട്ട് പലരും ചോദിച്ചു തുടങ്ങി ഇനി ആകാശയാത്ര നടത്തണോ. പാലം പണി തീർന്നപ്പോൾ അപ്രോച്ച് റോഡിനായി കാത്തിരിപ്പാണ്. ഇന്ന് തീരും, നാളെ തീരും ഒഴുക്കൻമട്ടിൽ പ്രതികരണം നടത്തി ജനപ്രതിനിധികൾ മടങ്ങുമ്പോൾ പാവം യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ജനുവരി 30 ന് അപ്രോച്ച് റോഡ് നിർമ്മാണം തീരുമെന്നാണ് എം.എൽ.എ പറയുന്നത്. കേട്ട് കേട്ട് മടുത്ത നാട്ടുകാർ എന്തായാലും ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.

ജനരോക്ഷം ശക്തം
എം.എൽ.എയ്ക്കും, എം.പിയ്ക്കുമെതിരെയാണ് ജനരോക്ഷം ശക്തമായിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് തദ്ദേശവാസികളും ആശ്രയിച്ചിരുന്ന പാലമാണ് എങ്ങുമെത്താതെ ഇങ്ങനെ കിടക്കുന്നത്. കുട്ടികൾക്കടക്കം സ്കൂളിലേക്ക് പോകണേൽ പെടാപ്പാടാണ്. മാഞ്ഞൂരിനോടുള്ള ഇരട്ടത്താപ്പ് ജനപ്രതിനിധികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും തിരഞ്ഞെടുപ്പുകളുണ്ടെന്ന ഓർമ്മ വേണമെന്നാണ് സഹികെട്ടവർ പരസ്പരം പറയുന്നത്.