
കോട്ടയം: ഇറച്ചിയുടെയും മുട്ടയുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള മണർകാട് കോഴിവളർത്തൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന നടപടികളുമായി സർക്കാർ. ഒരു കോടി രൂപ ചെലവഴിച്ച് നടത്തുന്ന വിവിധ നവീകരണ പ്രവർത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗർ നഴ്സറി പദ്ധതിയുടെയും ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നിർവഹിക്കും. വ്യാവസായികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന 15 ലക്ഷം രൂപയുടെ ആടു വളർത്തൽ പദ്ധതിയുടെ സബ്സിഡി, സംരംഭകർക്കുള്ള സർട്ടിഫിക്കറ്റുകൾ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാനസിക വികാസത്തിനുള്ള നൂതന പദ്ധതിയുടെ ആനൂകൂല്യം എന്നിവയുടെ വിതരണവും മന്ത്രി നിർവഹിക്കും. ഉമ്മൻചാണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.