കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തമ്പലക്കാട് മറ്റത്തിപ്പാറ അമ്പിയിൽ എറികാട് റോഡ് പാറമട ഉടമയ്ക്ക് വിട്ടുനൽകാനുള്ള ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധമാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സിവിൽ സ്റ്റേഷന് സമീപത്തുനിന്നാരംഭിച്ച മാർച്ച് ഗ്രാമപഞ്ചായത്ത് കവാടത്തിൽ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ശ്രീമഹാകാളപാറ സംരക്ഷണ സമിതി കൺവീനർ കെ.ജി രാജേഷ്, മഹാകാളിപാറ ദേവസ്വം പ്രസിഡന്റ് ആർ.രാജു കടക്കയം, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി നാരായണൻ, അമ്പിളി ഉണ്ണികൃഷ്ണൻ, സിന്ധു സോമൻ തുടങ്ങിയവർ സംസാരിച്ചു.