
അടിമാലി: ഒരു കാലത്ത് ഹൈറേഞ്ചിലെ കർഷകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയും കൃഷിയിറക്കിയ വാനില നീണ്ടകാലത്തെ തളർച്ചയ്ക്ക്ശേഷം തളിരിടുന്നു.വാനിലക്ക് വിപണിയിൽ ലഭിച്ച ഉയർന്ന വിലയായിരുന്നു കർഷകരെ കൂടുതലായി കൃഷിയിലേക്കാകർഷിച്ചത്.വാനിലക്ക് പൊന്നും വിലയായതോടെ വാനില മോഷണവും തണ്ട് മോഷണവും വരെ അക്കാലത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.ഇപ്പോൾ ചുരുക്കം കൃഷിയിടങ്ങളിൽ മാത്രമാണ് വാനില കൃഷി അവശേഷിക്കുന്നത്.ഉയർന്ന വില ലഭിച്ചിരുന്ന വാനിലയുടെ വില പിന്നീട് കുത്തനെ കൂപ്പുകുത്തിയത് കർഷകരെ വാനില കൃഷിയിൽ നിന്നും പിൻവാങ്ങാൻ പ്രേരിപ്പിച്ചു.നിലവിൽ പച്ച വാനില കിലോക്ക് 1000 രൂപ വരെ വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയിലെത്തിക്കാൻ വാനിലയുള്ളത് പരിമിതമായ കർഷകർക്ക് മാത്രമാണ്.ഉണങ്ങിയ വാനില വിരളമായി മാത്രമെ വിപണിയിൽ എത്തുന്നൊള്ളുവെന്ന് മലഞ്ചരക്ക് കർഷകർ പറഞ്ഞു.വിലയിടിവിനൊപ്പം പൂക്കൾ പരാഗണം ചെയ്യുന്നതിലും മറ്റുമുള്ള ബുദ്ധിമുട്ടും വാനില കൃഷിയുടെ പിന്നോട്ട് പോക്കിനുള്ള കാരണങ്ങളിൽ ഒന്നായി മാറി.രാജകീയമായി വന്ന് ഹൈറേഞ്ചിലെ കൃഷിയിടങ്ങൾ കീഴടക്കിയെങ്കിലും പിന്നീട് പ്രൗഡി മങ്ങിയ വാനിലയിന്ന്പഴയപ്രതാപത്തിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷയാണുള്ളത്. ആഗോളതലത്തിൽ വാനിലയുടെ ഉപയോഗം കൂടിയതും ഉത്പ്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായത്.
വിളവെടുപ്പ്
ഒരു വർഷത്തിനകം
ഏകദേശം പതിനൊന്ന് മാസം പ്രായമാകുമ്പോൾ വിളവെടുപ്പ് നടത്താം. ഇടവിളയായി കൃഷിചെയ്യാം എന്നതാണ് ഏറ്റവും വലിയ ആകർഷണം. കാർഷിക മേഖല അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിക്കിടെ വാനിലകൃഷി കൂടുതൽ ആദായകരമായി മാറുന്നു എന്ന സൂചന കർഷകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.