
കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസമായി നാഗമ്പടം സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്‌റ്റേഡിയത്തിന് നടന്നു വന്ന പുസ്തകോൽസവം സമാപിച്ചു. 363 ഗ്രന്ഥശാലകൾ ലഭ്യമായ വാർഷികഗ്രാന്റ് ഉപയോഗിച്ച് പുസ്തകങ്ങൾ എടുത്തു. 80 ലക്ഷം രൂപയുടെ പുസ്തകങ്ങൾ ചിലവായതായി ഭാരവാഹികൾ അറിയിച്ചു. നെടുമുടി വേണു നഗറിൽ നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാബു കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട്, കൗൺസിൽ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എസ്.വിജയലക്ഷമി, വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് റ്റി.കെ ഗോപി എന്നിവർ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.ഡി ശിവൻ നന്ദിയും പറഞ്ഞു.