കൊച്ചി: ഓർത്തഡോക്സ് സഭയിൽ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ബാവയെ സഭാചട്ടപ്രകാരം ക്ഷണിച്ചില്ലെന്ന ഹർജികൾ ഹൈക്കോടതി തള്ളി. ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
സ്ഥാനാരോഹണച്ചടങ്ങുകൾ സഭയുടെ ആഭ്യന്തരവിഷയമാണെന്നും ഇക്കാര്യങ്ങളിൽ സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാത്രിയർക്കീസ് ബാവയെ ക്ഷണിക്കാതെ നടത്തിയ സ്ഥാനാരോഹണം സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിറവം സെന്റ് മേരീസ് പള്ളിയിലെ ഇടവകാംഗങ്ങളായ കെ.എ ജോൺ, ബിജു കെ.വർഗീസ് തുടങ്ങിവരാണ് ഹർജികൾ നൽകിയത്.