പാലാ: മഹാകവി കുമാരനാശാന്റെ പേരിലുള്ള പാർക്കിൽ ഇങ്ങനെയൊക്കെ മതിയോ...? മതിയെന്നാണ് അധികാരികളുടെ വെയ്‌പ്പെങ്കിൽ അതു ശരിയല്ല.. സന്ധ്യയായാൽ ഇപ്പോൾ പാർക്കിൽ ഇരുട്ടാണ്. ബൾബുകളൊന്നും തെളിയുന്നില്ല പാർക്കിലെത്തുന്നവരെ പാമ്പും പഴുതാരയും തേളും കടിച്ചാൽ ആരു സമാധാനം പറയും...? കൊവിഡ് കാലഘട്ടത്തിന് ശേഷം തുറന്നുകൊടുത്ത പാലാ തെക്കേക്കരയിലെ കുമാരനാശാൻ സ്മാരക ചിൽഡ്രൻസ് പാർക്കിന്റെ അവസ്ഥ പരിതാപകരമാണ്. രാത്രിയായാൽ വെളിച്ചമില്ല എന്നതാണ് പ്രധാന പ്രശ്‌നം.
നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെയും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലപറമ്പിലിന്റെയും തോമസ് പീറ്ററിന്റെയും പ്രത്യേക താത്പര്യപ്രകാരമാണ് കഴിഞ്ഞ വർഷം ചിൽഡ്രൻസ് പാർക്ക് നവീകരിച്ച് കുട്ടികൾക്കായി തുറന്നുകൊടുത്തത്. എന്നാൽ തുടർപരിപാലനത്തിൽ നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്നാണ് ആക്ഷേപം. കുമാരനാശാൻ സ്മാരക പാർക്കിനെ അധികാരികൾ അവഗണിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇന്നലെ സന്ധ്യയ്ക്ക് കൂരിരിട്ടു പടർന്ന പാർക്കിൽ നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ, അധികാരികളുടെ കണ്ണ് തുറക്കാൻ മെഴുകുതിരി തെളിച്ചുള്ള സമരം നടത്തിയത്. പാർക്ക് ഇരിക്കുന്ന വാർഡിന്റെ കൗൺസിലർകൂടിയായ ലിസിക്കുട്ടി മാത്യുവും നഗരഭരണ നേതൃത്വത്തിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നു. കൗൺസിലർമാരായ വി.സി പ്രിൻസ്, ജോസ് എടേട്ട്, മായ രാഹുൽ, സിജി ടോണി, ആനി ബിജോയി, ലിജി ബിജു എന്നിവരും മെഴുകുതിരി കൊളുത്തിയുള്ള സമരത്തിൽ പങ്കാളികളായി.

സമരം ശക്തമാക്കും

പാർക്കിൽ അടിയന്തിരമായി ലൈറ്റുകൾ സ്ഥാപിക്കാത്തപക്ഷം വിവിധ സംഘടനകളെക്കൂട്ടി മെഴുകുതിരി തെളിച്ചുള്ള സമരം നഗരസഭ കവാടത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനി വ്യക്തമാക്കി.