പരാതിയുമായി യാത്രക്കാർ

ചക്കാമ്പുഴ: പാലാ-രാമപുരം-ചക്കാമ്പുഴ റൂട്ടിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾ യാത്രക്കാരെയും വിദ്യാർത്ഥികളെയും വലയ്ക്കുകയാണ്. കെ.എസ്.ആർ.ടി.സി. ബസുമായി മത്സരിച്ചോടുന്ന സ്വകാര്യബസുകൾ പല സ്റ്റോപ്പുകളിലും നിർത്താറില്ലെന്നാണ് പരാതി. രാമപുരത്തുനിന്ന് പാലായ്ക്ക് പോയ സ്വകാര്യബസുകൾ ചിറ്റാർ ബസ് സ്റ്റോപ്പിൽ നിർത്തിയില്ലെന്നും പരാതിയുണ്ട്. ഇതുമൂലം സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികളാണ് ഏറെ വലഞ്ഞത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ഫോണിൽ പാലാ ട്രാഫിക് എസ്.ഐയെ പരാതി അറിയിച്ചു. യഥാസമയം ക്ലാസിൽ കയറാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടും വിദ്യാർത്ഥികൾ പൊലിസിനോട് വിശദീകരിച്ചു. കഴിഞ്ഞദിവസം രാമപുരത്തുനിന്ന് പാലായ്ക്കുള്ള സ്വകാര്യ ബസ് അമിതവേഗത്തിൽ ഓടിയപ്പോൾ കണ്ടക്ടർതന്നെ ഡ്രൈവറെ താക്കീത് ചെയ്ത സംഭവവുമുണ്ടായി. അതേസമയം പാലാ-രാമപുരം റൂട്ടിൽ രാവിലെ സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന സ്വകാര്യബസുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പാലാ ട്രാഫിക് എസ്.ഐ. ജോർജ്ജ് പറഞ്ഞു.