വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പ്രതീകാത്മക പദയാത്ര നടത്തും. 26 ന് ആശ്രമം സ്‌കൂളിൽ നിന്ന് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്കാണ് പദയാത്ര. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷാണ് ജാഥാ ക്യാപ്റ്റൻ. രാവിലെ എട്ടിന് ആശ്രമം സ്കൂളിൽ മന്ത്റി വി.എൻ.വാസവൻ പദയാത്ര ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്​റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പീതപതാക കൈമാറും. പദയാത്ര നഗരം ചു​റ്റി ചെമ്മനത്തുകര, മൂത്തേടത്തുകാവ്, കൊതവറ വഴി ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ എത്തിച്ചേരും. അവിടെ നിന്ന് 2.30 ന് തിരികെ വൈക്കത്തേക്ക് പുറപ്പെടും. വൈകിട്ട് 5 ന് പദയാത്ര ആശ്രമം സ്‌കൂളിലെത്തി സമാപിക്കും. കഴിഞ്ഞ 8 വർഷങ്ങളായി വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് നടത്തി വരുന്ന പദയാത്ര ഇത്തവണ കൊവിഡ് നിയന്ത്റണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതീകാത്മക പദയാത്രയായി നടത്തുന്നത്. പദയാത്രയിൽ പങ്കെടുക്കുന്നവർ രാവിലെ ഏഴിന് ആശ്രമത്തിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി എം.പി.സെൻ അറിയിച്ചു.