pulkoot

കോട്ടയം: തങ്കച്ചനെ നോക്കി പനമ്പാലത്തുകാർ പറയുന്നു, തങ്കച്ചാ നീ പൊളിച്ചു! പടുത കൊണ്ട് മീൻകുളം നിർമിച്ച് അതിനുള്ളിൽ ഒരുപുൽക്കൂടൊരുക്കിയാണ് ഫോട്ടോഗ്രാഫർ കൂടിയായ തങ്കച്ചൻ ക്രിസ്മസിനെ വരവേൽക്കുന്നത്.

കൊവിഡ് മഹാമാരിക്കാലത്ത് തിരക്കുകളൊന്നുമില്ലാതെ വീട്ടിലിരുന്നപ്പോഴാണ് കോട്ടയം പനമ്പാലത്ത് അന്ന സ്റ്റുഡിയോ നടത്തുന്ന തങ്കച്ചൻ വീടിന് സമീപം പടുത കൊണ്ട് കുളം നിർമ്മിച്ച് മീൻ വളർത്തൽ ആരംഭിച്ചത്. എല്ലാ വർഷവും ക്രിസ്മസിന് പുൽക്കൂട് ഒരുക്കാറുണ്ട്. ഇക്കുറി ഒരു വെറൈറ്റി വേണമെന്ന ചിന്തയിലാണ് പുൽക്കൂട് കുളത്തിലാക്കിയത്.

മുറ്റത്ത് പത്തടി നീളത്തിലും എട്ടടി വീതിയിലും ആറടി താഴ്ചയിലും നിർമ്മിച്ചിരിക്കുന്ന മത്സ്യകുളത്തിലാണ് തെർമോക്കോൾകൊണ്ടുണ്ടാക്കിയ പുൽക്കൂട്. ഇതിൽ വ്യത്യസ്ത രുപത്തിലുള്ള തട്ടുകളിലാണ് ഉണ്ണിയേശുവിന്റെയും മാതാവിന്റേയും രൂപങ്ങൾ വച്ച് അലങ്കരിച്ചിരിക്കുന്നത്. മറിഞ്ഞ് പോകാതിരിക്കാൻ ചെറിയ പൈപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. കുളത്തിന് ചുറ്റും ചെടിച്ചട്ടികളും ക്രിസ്മസ് പാപ്പയേയും വച്ച് മനോഹരമാക്കി. വൈകുന്നേരമാകുമ്പോൾ വർണ ബൾബുകളും ചിരാതുകളും തെളിക്കും. കുളത്തിൽ ഓടി നടക്കുന്ന തിലോപ്പിയ മീനുകൾക്ക് കൃത്യസമയത്ത് തീറ്റയും നൽകുന്നുണ്ട്. തങ്കച്ചൻ സ്റ്റുഡിയോയിലെ ജോലിത്തിരക്കിലാകുമ്പോൾ അമ്മയും ഭാര്യയും മക്കളുമാണ് മീൻ കുളത്തിന്റെ സംരക്ഷണം .