പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോട്ടയം: ക്രിസ്മസ് ആഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നുണ്ട്... കേക്കുകൾ. ക്രിസ്മസ് സീസണിലാണ് കേക്ക് വിപണി ഏറ്റവുമധികം സജീവമാകുന്നതും. വിവിധ ഡിസൈനുകളിൽ കേക്കുകൾ വിപണിയിൽ ലഭ്യമാണ്. ഡിസൈനുകൾ വർദ്ധിച്ചതോടെ കേക്കുകളിൽ കൃത്രിമ പദാർത്ഥങ്ങളുടെ ഉപയോഗവും വർദ്ധിച്ചു. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 58 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 14ഓളം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 24 വരെ നീണ്ടു നിൽക്കുന്ന രണ്ടാംഘട്ട പരിശോധന സിവിൽ സപ്ലൈസ് വകുപ്പും, ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പിനൊപ്പം ചേർന്നാണ് നടത്തുന്നത്. ഭക്ഷണപദാർത്ഥത്തിന്റെ നിലവാരത്തിനനുസരിച്ച് വിലയിടാനുള്ള അവകാശം നിർമാതാക്കൾക്ക് ഉണ്ടെങ്കിലും അതിൽ എന്തും ചേർക്കാനുള്ള അവകാശം നിർമാതാക്കൾക്കില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. സർക്കാർ നിർദേശം ലംഘിച്ച് കൃത്രിമ ചേരുവകൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഇൻസ്‌പെക്ടർ അലക്‌സ് കെ. ഐസക്ക് പറഞ്ഞു.