ചക്കാമ്പുഴ, രാമപുരം മേഖലകളിൽ ഞായറാഴ്ചകളിൽ സർവീസ് മുടക്കി സ്വകാര്യബസുകൾ
പാലാ: ഞായറാഴ്ചയാണോ... സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്നിട്ട് ഒരുകാര്യവുമില്ല. ഇത് ഒരാളുടെയല്ല, നാട്ടുകാരുടെയാകെ അനുഭവമാണ്. കുടക്കച്ചിറ, ചക്കാമ്പുഴ, ഏഴാച്ചേരി, വലവൂർ, അന്ത്യാളം, രാമപുരം മേഖലകളിലുള്ള സാധാരണക്കാർ ഞായറാഴ്ചകളിൽ പാലായ്ക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ പാടുപെടും. ഞായറാഴ്ച ഈ റൂട്ടുകളിൽ പൊതുഗതാഗതം പൂർണമായും ഇല്ല എന്നതാണ് വസ്തുത. ഇതുസംബന്ധിച്ച് പാലാ ജോയിന്റ് ആർ.ടി.ഒ.യ്ക്കും പൊലീസിനും തുടരെ പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ഞായറാഴ്ച പാലാ, രാമപുരം, ചക്കാമ്പുഴ റൂട്ടിലും, ഏഴാച്ചേരി റൂട്ടിലും, വലവൂർ ഉഴവൂർ റൂട്ടിലും ബസുളേയില്ല. അന്ന് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ ഓട്ടോറിക്ഷായെയോ മറ്റു ടാക്‌സി വാഹനങ്ങളെയോ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. രാമപുരം റൂട്ടിലും ഉഴവൂർ റൂട്ടിലും സ്വകാര്യ മേഖലയിലാണ് കൂടുതൽ ബസുകളുള്ളത്. രണ്ട് കുത്തക സ്വകാര്യ ബസുടമകളുടെ ബസുകളാണ് ചക്കാമ്പുഴ വഴിയും ഏഴാച്ചേരി വഴിയും വലവൂർ വഴിയും കൂടുതലായി സർവീസ് നടത്തുന്നത്. ഏതാനും ദീർഘദൂര സർവ്വീസുകൾ ഒഴിച്ചാൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകളുമില്ല. ഇതാണ് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്.
ഈ വഴികളിലൂടെ കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസ് ആരംഭിച്ചപ്പോഴെല്ലാം ആ സർവീസുകൾക്ക് മുന്നിലായി സ്വകാര്യ ബസുകൾ ഓടിച്ച് കെ.എസ്.ആർ.ടി.സി.യെ ''ഓടിക്കുകയായിരുന്നു ' എന്നും ആക്ഷേപമുണ്ട്. ഇപ്പോഴാകട്ടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ സർവീസുകളുമില്ലാത്ത സ്ഥിതിയിലായി.
ഓട്ടോ പിടിക്കണം
ആശുപത്രി യാത്രക്കാർക്കാണ് ഞായറാഴ്ച ബസ് മുടക്കം കൂടുതൽ ദുരിതം സമ്മാനിക്കുന്നത്. വലവൂർ, ചക്കാമ്പുഴ, ഏഴാച്ചേരി മേഖലകളിൽ നിന്ന് പാലാ ജനറൽ ആശുപത്രിയിൽ ഓട്ടോറിക്ഷയിൽ ഒന്നുപോയിവരണമെങ്കിൽ ചുരുങ്ങിയത് 250 രൂപയെങ്കിലുമാകും. പാവപ്പെട്ടവരെ സംബന്ധിച്ച് ഇത് കൂനിൻമേൽ കുരു ആകുകയാണ്. ഞായറാഴ്ച ഒഴികെ പൊതുഅവധി ദിവസങ്ങളിലും ഈ മേഖലയിലെ സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് മുടക്കുകയാണ്. വേണ്ടത്ര യാത്രക്കാരില്ലാത്തതിനാൽ സർവീസ് നഷ്ടമാണെന്നാണ് സ്വകാര്യബസ് ഉടമകളുടെ മറുപടി. അതേസമയം സർവീസ് മുടക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജെയ്‌സൺ മാന്തോട്ടം മുന്നറിയിപ്പ് നൽകി.