വൈക്കം : കൃഷി നടത്തിപ്പിന്റെ അറിവും പരിചയവും സ്വായത്തമാക്കിയ ആശ്രമം സ്‌ക്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം വട്ടം കൃഷി ഇറക്കാൻ കൃഷിയിടം സജ്ജമാക്കി. സ്കൂളിലെ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തിയാണ് വിദ്യാർത്ഥികളുടെ കൂട്ടായ്മ കൃഷി നടപ്പാക്കുന്നത്. തലയാഴം പഞ്ചായത്തിലെ രണ്ടേക്കർ പുരയിടത്തിലും സ്കൂൾ വളപ്പിലും ആണ് ഈ വർഷം കൃഷി നടത്തുന്നത്. തീവ്രമഴ കഴിഞ്ഞ വർഷത്തെ കൃഷിക്ക് നഷ്ടങ്ങൾ വരുത്തിയെങ്കിലും ഇക്കുറി ഇത്തരം സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ കൃഷി മെച്ചപ്പെടുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ വിത്തുപാകിയത്. ആദ്യവട്ടം നടത്തിയ കൃഷിയുടെ ലാഭത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. എൻ. എസ്.എസ്, എസ്.പി.സി, റെഡ്‌ക്രോസ്, പി.ടി.എ എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്. പാവൽ പടവലം, ചീര, പയർ, പച്ചമുളക്, വെണ്ട, വെള്ളരി, മത്തൻ, കുക്കുമ്പർ, തക്കാളി ,വഴുതന എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പൽമാരായ എ.ജ്യോതി, ഷാജി ടി കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി വിഭാഗം എച്ച്.എം പി.ടി.ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ് നായർ, ഇ.പി. ബീന, എസ്.പി.സി സി.പി.ഒ ജെഫിൻ, സി.എസ്.ജിജി, പ്രീതി വി പ്രഭ, പി.എസ്.സന്ദീപ്, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ എന്നിവർ നേതൃത്വം നൽകി.