അടിമാലി: രാഷ്ട്രീയപ്രവർത്തനത്തിലടനീളം പല സമരങ്ങൾക്കും നേതൃത്വം നൽകിയ പി. ടി. തോമസിന്റെ ആദ്യ സമരം ഇടുക്കി ജില്ലയുടെ രൂപീകരണത്തിനു വേണ്ടി. സ്‌കൂൾ വിദ്യാർഥി ആയിരിക്കുമ്പോഴാണ് ഇടുക്കി ജില്ല രൂപീകരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം നടന്നു വന്നിരുന്നത്. ഇതിനു പിന്തുണ അറിയിച്ച് സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികളെ സംഘടിപ്പിച്ച് കൊന്നത്തടി വില്ലേജ് ഓഫിസ് പിക്കറ്റ് സമരത്തിന് നേതൃത്വം നൽകി. ഇതോടെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്താണ് സമരം ചെയ്ത വിദ്യാർത്ഥികളെ പിരിച്ചു വിട്ടത്.
ഇടുക്കി ഉപ്പുതോട് എന്ന അവികസിത ഗ്രാമത്തിൽ നിന്ന് കിലോ മീറ്ററുകൾ താണ്ടിയാണ് പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂളിൽ എത്തിയിരുന്നത്. അക്കാലത്തും ജീവിതത്തിന്റെ കഷ്ടപ്പാടുകളും മറ്റും തിരിച്ചറിഞ്ഞിരുന്ന തോമസ് നിലപാടുകളിൽ കാർക്കശ്യക്കാരനായിരുന്നുവെന്ന് സഹപാഠികൾ ഓർക്കുന്നു. വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ കൂട്ടുങ്കൽ പാപ്പന്റെ വീട്ടിലായിരുന്നു താമസം. സ്‌കൂളിൽ പ്രവേശനം ലഭിച്ചതു മുതൽ കെ എസ് യു പ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു.